കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ച പിണറായി വിജയനെതിരെ പരസ്യമായി രംഗത്തുവന്ന വി എസ് അച്യുതാനന്ദന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെയും ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനേയും കൊലപ്പെടുത്തിയ സി പി എം നേതാക്കള്‍ക്ക് ജനാധിപത്യ കേരളം മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെ തിരിഞ്ഞാല്‍ വി എസിന്റെ ജീവനുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. സി പി എമ്മിലെ ലോക്കല്‍ നേതാക്കള്‍പോലും മേലാളന്മാരുടെ പട്ടം അണിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പശ്ചിമ ബംഗാളില്‍ 35 വര്‍ഷം ഭരണം നടത്തി ജനങ്ങളെ ദുരിതത്തിലാക്കിയ സി പി എമ്മിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനങ്ങള്‍ തിരിച്ചടിച്ചതു മറക്കരുതെന്നും പി സി ജോര്‍ജ് ഒര്‍മ്മിപ്പിച്ചു.
സി പി എമ്മില്‍ ഇപ്പോള്‍ നടക്കുന്നത് മനുഷ്യത്വവും മ്യഗീയതയും തമ്മിലുള്ള പോരാട്ടമാണ്. ഫാസിസ്റ്റുകളും അഴിമതിയുടെ രാജാക്കന്‍മാരുമായ പിണറായി - ജയരാജന്‍മാരുടെ നീരാളിപിടുത്തത്തില്‍നിന്ന് രക്ഷപ്പെടാനാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കേണ്ടത്. ഇവരുടെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ ശക്തിയായി പ്രതികരിക്കണമെന്നും പി സി ജോര്‍ജ് തൊടുപുഴയില്‍ പറഞ്ഞു.