പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് പറയുന്ന രേഖകള്‍ തങ്ങളുടേതല്ലെന്ന് സംഘടനാ നേതാവ് നസറുദ്ദീന്‍ എളമരം പറഞ്ഞു. പിടിച്ചെടുത്ത രേഖകള്‍ തങ്ങളുടേതല്ലെന്ന് ബോധ്യപ്പെട്ടാല്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്രയും നാളത്തെ പ്രവര്‍ത്തനത്തിനിടയില്‍ പോപ്പുലര്‍ ഫ്രണ്ട് രാജ്യവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. ഇന്‍റലിജന്‍സ് വിഭാഗമാണ് ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് ലൌ ജിഹാദ് ഇല്ലെന്ന് ഡിജിപി തന്നെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണെന്നിരിക്കെ മുഖ്യമന്ത്രി വീണ്ടും ഈ ആരോപണം ഉന്നയിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
യഥാര്‍ത്ഥത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നവര്‍ ആരെന്ന് കണ്ടെത്തുന്നതിന് പകരം നിഴലിനോട് യുദ്ധം ചെയ്യുകയാണ് സര്‍ക്കാരെന്ന് നസറുദ്ദീന്‍ എളമരം ആരോപിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും ഈ വിഷയത്തില്‍ രാഷ്ട്രീയ താല്‍പ്പര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.