പിജെ തോമസിന്‍റെ നിയമനത്തില്‍ തീരുമാനം ഇന്ന്

Webdunia
വ്യാഴം, 27 ജനുവരി 2011 (09:47 IST)
PRO
പാമോലിന്‍ കേസില്‍ പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ട പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ആയി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. വിജിലന്‍സ് കമ്മീഷണര്‍ ആകാന്‍ പി ജെ തോമസ് യോഗ്യനാണോ എന്നതിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക.

അതേസമയം, പാമോലിന്‍ കേസില്‍ തെറ്റുപറ്റിയിട്ടില്ലെന്ന്‌ പി ജെ തോമസും, തോമസിനെ പിന്തുണച്ച്‌ കേന്ദ്രസര്‍ക്കാരും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പി ജെ തോമസിനെ വിജിലന്‍സ് കമ്മീഷണര്‍ ആക്കിയതിനെതിരെ ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പബ്ലിക്‌ ഇന്‍ററസ്റ്റ്‌ ലിറ്റിഗേഷനും മുന്‍ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ജെ എം ലിങ്‌ദോയുമാണ്‌ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്‌.

കറതീര്‍ന്ന സത്യസന്ധതയുള്ള ആളായിരിക്കണം കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ എന്നും പാമോലിന്‍ കേസില്‍ വിചാരണ നേരിടുന്ന തോമസിന്‌ ഈ യോഗ്യതയില്ല എന്നുമാണ്‌ ഹര്‍ജിക്കാരുടെ പ്രധാനവാദം. കൂടാതെ, തോമസിനെ സി വി സിയായി തെരഞ്ഞെടുത്ത സമിതിയില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ടെലികോം സെക്രട്ടറിയായിരിക്കെ തോമസ്‌ ടു ജി കേസിന്‍റെ അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചു എന്ന ആരോപണവും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ വിജിലന്‍സ് കമ്മീഷണറുടെ യോഗ്യത തീരുമാനിക്കാനുള്ള അവകാശം, നിയമന അതോറിറ്റിയായ സര്‍ക്കാരിനാണെന്നും, കോടതിക്ക്‌ ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ്‌ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്‌. കറതീര്‍ന്ന സത്യസന്ധത എന്നത്‌ യോഗ്യതയല്ല ഗുണമാണ്‌. തികഞ്ഞ സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ള ഉദ്യോഗസ്ഥനാണ്‌ തോമസെന്നും സര്‍ക്കാര്‍വ്യക്‌തമാക്കി.

ഇതിന്റെ തുടര്‍ച്ചയായായിട്ടായിരുന്നു പി ജെ തോമസ്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്‌. വി എസ് അച്യുതാനന്ദനും കെ കരുണാകരനും തമ്മിലുള്ള രാഷ്ട്രീയപോരാട്ടത്തിന്‌ താന്‍ ഇരയാകുകയായിരുന്നു എന്നാണ് തോമസ് കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.