പാര്‍ട്ടിക്കെതിരെ ഒഞ്ചിയത്തും ഷൊര്‍ണൂരും നടന്ന നീക്കങ്ങള്‍ പരാജയപ്പെട്ടെന്ന് അവിടങ്ങളില്‍ നടന്ന സ്വീകരണത്തില്‍ നിന്നു വ്യക്തമായതായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
നവകേരള യാത്ര അവസാനിക്കുന്നതിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളയാത്രയ്ക്ക് ന്യൂനപക്ഷങ്ങളുടെ വന്‍പിന്തുണ ലഭിച്ചിരുന്നു. മുസ്ലീം സമുദായത്തിലെ പുതിയ തലമുറ ഇടതുപക്ഷ പാര്‍ട്ടിയോട് അടുക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പാര്‍ട്ടിയെ ഒരു രക്ഷാകേന്ദ്രമായാണ് ജനങ്ങള്‍ കാണുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ ശക്‌തി ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടു എന്നതാണ് ഇതില്‍ നിന്ന് വ്യക്‌തമാകുന്നത്..
പത്തനംതിട്ടയില്‍ സഭാവിശ്വാസികളും വികാരിയും ചേര്‍ന്നാണ് മാര്‍ച്ചിനെ സ്വീകരിച്ചത്. യാക്കോബായ സഭയുടെ സഭാസെക്രട്ടറിയും ജാഥയെ സ്വീകരിക്കാനെത്തി. ന്യൂനപക്ഷം ഇടതുപക്ഷത്തിന്‍റെ വില മനസിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നല്ല സ്ത്രീപങ്കാളിത്തമാണ് യാത്രയ്ക്ക് ലഭിച്ചത്. മലപ്പുറത്ത് പര്‍ദ്ദയണിഞ്ഞ സ്ത്രീകളെ വേദിയില്‍ കണ്ടു. വയനാട്ടില്‍ ആദിവാസികള്‍ ജാഥയെ സ്വീകരിക്കാനെത്തി. ചെങ്ങറ സമരത്തിന് ചെങ്ങറയിലെ ആദിവാസികളുടെ പിന്തുണയില്ലെന്ന് അവിടെ നടന്ന സ്വീകരണം വ്യക്തമാക്കി.
പലസ്ഥലത്തും പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും പരസ്യ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്‌തു. ഇവയെ അതിജീവിച്ച് യാത്ര വിജയിപ്പിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും പിണറായി പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിധേയമായാണെന്നും, നവകേരള മാര്‍ച്ചില്‍ വി എസ് പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സസ്‌പെന്‍സ് ഇല്ലെന്നും, ഇന്ന് നമുക്കതു കാണാമെന്നും പിണറായി പറഞ്ഞു.