പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 8 ജനുവരി 2015 (15:00 IST)
പാമോലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിജിലന്‍സ് കോടതിവിധി ഹൈക്കോടതി അംഗീകരിച്ചു. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെന്നും കോടതി പറഞ്ഞു.
 
പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി വിധിക്ക് എതിരായാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളുകയായിരുന്നു.
 
കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ തീരുമാനം പ്രതികളെ സംരക്ഷിക്കാനാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സത്യം പുറത്തു വരേണ്ടത് വിചാരണയിലൂടെയാണെന്ന് പറഞ്ഞ കോടതി ഉത്തമ വിശ്വാസത്തോടെയല്ല പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്കിയതെന്നും പറഞ്ഞു. 
 
വി എസ്സിനും സുനില്‍ കുമാറിനും കക്ഷിചേരാന്‍ അധികാരമില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടേണ്ടത് വിചാരണവേളയില്‍ ആണെന്നും കോടതി പറഞ്ഞു. 
 
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ നല്കിയ അപേക്ഷയും കോടതി തള്ളിയിരുന്നു.