പരാജയഭീതി കൊണ്ട് പിണറായിയുടെ സമനില വിട്ടെന്ന് ഉമ്മന്‍‌ചാണ്ടി

Webdunia
ചൊവ്വ, 8 ഏപ്രില്‍ 2014 (08:58 IST)
PRO
PRO
പരാജയഭീതികൊണ്ട് സമനിലവിട്ടതിനാലാണ് സാധാരണക്കാരന്‍പോലും പറയാന്‍മടിക്കുന്ന പരാമര്‍ശങ്ങള്‍ പിണറായി വിജയന്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവസാന നിമിഷമെങ്കിലും എന്‍കെ പ്രേമചന്ദ്രനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സമൂഹത്തോട് മാപ്പുപറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ ഐക്യമുന്നണി സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാഷ്ട്രീയനേതാവിന് ചേര്‍ന്നതല്ല പിണറായിയുടെ പരാമര്‍ശം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആര്‍എസ്പിക്ക് ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരേണ്ടി വന്നു. ഇത് അവരുടെ പാര്‍ട്ടി തീരുമാനമാണ്. മുന്നണി വിടുംമുമ്പ് പ്രേമചന്ദ്രന്‍ എല്‍ഡിഎഫിന്റെ വക്താവായിരുന്നു.

അന്ന് യുഡിഎഫ് നേതാക്കളെ വിമര്‍ശിച്ചപ്പോള്‍ മോശം വാക്കുകളിലൂടെയല്ല; ജനാധിപത്യ മര്യാദയ്ക്കുള്ളില്‍നിന്നു മാത്രമാണ് പ്രതികരിച്ചത്. എതിര്‍സ്ഥാനാര്‍ഥിയോട് മര്യാദയുടെ പരിധിലംഘിച്ച് തരംതാണ് മുന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.