പന്ന്യന്‍ രവീന്ദ്രന്‍ സി പി ഐ സംസ്ഥാന സെക്രട്ടറിപദം ഒഴിയണമെന്ന് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ ആവശ്യം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും ആവശ്യമുയര്‍ന്നു. കൌണ്‍സിലില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത 29 പേരും നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബെന്നറ്റ് ഏബ്രഹാം സ്ഥാനാര്‍ത്ഥിയായതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റിനാണെന്ന് കൌണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ചിലരുടെ മാത്രം തലയില്‍ ഇടുന്നത് ശരിയല്ല. സെക്രട്ടേറിയറ്റിനാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം. കേന്ദ്രത്തെ പോലും സംസ്ഥാന നേതൃത്വം തെറ്റിദ്ധരിപ്പിച്ചു. അന്വേഷണ കമ്മീഷനെ അവഹേളിക്കുന്നവര്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരാണെന്നും വിമര്‍ശനമുണ്ടായി.
പന്ന്യന്‍ രവീന്ദ്രന്‍ വെറും നടന്‍ മാത്രമാണെന്ന് വരെ വിമര്‍ശനമുണ്ടായി. കൊല്ലത്തുനിന്നുള്ള വെളിയം രാജനാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.
സി പി ഐയുടെ സംസ്ഥാന കൌണ്‍സിലില്‍ ഇതുവരെയുണ്ടാകാത്ത തരത്തിലാണ് വിമര്‍ശനവും ബഹളവും ഉണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ചിലര്‍ സമ്പന്നരായെന്ന രൂക്ഷമായ പരിഹാസവും വിമര്‍ശനവും ഉയര്‍ന്നു.