പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം: 5 മരണം

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (17:28 IST)
പാലക്കാട്‌ ജില്ലയിലെ തൃത്താലയ്‌ക്കടുത്ത്‌ പണ്ടാരക്കുണ്ടില്‍ പടക്കനിര്‍മ്മാണ ശാലയ്‌ക്ക്‌ തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍, മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഉച്ചയ്‌ക്ക്‌ രണ്ടരയ്ക്കാണ് അപകടമുണ്ടായത്‌. അപകടസമയത്ത്‌ മുപ്പതോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമനസേനയും പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായതാണെന്ന് സംശയിക്കുന്നു. ജോണ്‍സണ്‍ എന്നയാളുടെ ലൈസന്‍സിലാണ് അപകടമുണ്ടായ പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്.

അപകടത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.