ജഡ്ജിയുടെ വീട്ടില്‍ മോഷണം നടത്തിയതടക്കം കേരളത്തിലും തമിഴ്‌നാട്ടിലുമായി അമ്പതോളം മോഷണ കേസുകളില്‍ പ്രതിയും, കൊലക്കേസ് പ്രതിയുമായ അന്തര്‍സംസ്ഥാന മോഷ്ടാവ് നീഗ്രോശങ്കര്‍ എന്ന ശങ്കറി(40)നെ ഷാഡോ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തൃശൂര്‍ ചേറ്റുപുഴയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം തന്ത്രപരമായി വളഞ്ഞ് പിടികൂടുകയായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ആറോളം കവര്‍ച്ചകള്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. തൃശൂര്‍ വിജിലന്‍സ് ജഡ്ജിയായിരുന്ന ബര്‍ക്കത്തലിയുടെ പാലക്കാട് ചിറ്റൂരിലുള്ള വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാത്തസമയത്ത് വീടിന്റെ വാതില്‍പൊളിച്ച് അകത്തുകയറി 14 പവന്‍ സ്വര്‍ണ്ണവും 40,000 രൂപയും മോഷണം നടത്തിയതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കളവുചെയ്ത സ്വര്‍ണ്ണത്തില്‍ ജഡ്ജിയുടെ വിവാഹമോതിരം അന്വേഷണസംഘം കണ്ടെടുത്തു. മറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ തമിഴ്‌നാട്ടിലെ ഒരു പണമിടപാടുസ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം കണ്ടെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു.
കൂടാതെ പാലക്കാട്ട് യാക്കരയിലുള്ള ഗൈനക്കോളജിസ്റ്റ് ഡോ ശ്രുതിയുടെ വീട്ടില്‍ ആളില്ലാത്ത സമയം വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി അലമാരയിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പാലക്കാട്-ഒലവക്കോട് റെയില്‍വേസ്റ്റേഷന് സമീപം കമാലുദ്ദീന്‍ എന്നയാളുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി. ഒന്നും കിട്ടാതെ വന്നപ്പോള്‍ പോര്‍ച്ചില്‍ കിടന്നിരുന്ന കാര്‍ കളവുചെയ്ത് വില്‍പന നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. പാലക്കാട് മറ്റു മൂന്നുവീടുകളിലും വാതില്‍ പൊളിച്ച് സമാനമായ രീതിയില്‍ കളവുനടത്തിയിട്ടുണ്ട്.
ഊട്ടി കുന്നൂരില്‍ ശങ്കറിനെതിരെ കവര്‍ച്ച, ഭവനഭേദനം, കൊലപാതകം, വാഹനമോഷണം തുടങ്ങി പതിമൂന്നോളം കേസ്സുകള്‍ നിലവിലുണ്ട്. തമിഴ്‌നാടില്‍ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 20 ഓളം കേസ്സുകളും നിലവിലുണ്ട്. ശങ്കറിന്റെ കൂട്ടുപ്രതികളായ രണ്ടുപേരെകൂടി പിടികൂടാനുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ശങ്കര്‍ പിടിയിലാകുന്നത്. തമിഴ്‌നാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതും ധാരാളം സ്വര്‍ണ്ണം ലഭിക്കുമെന്നുമുള്ള തിരിച്ചറിവുകൂടിയാണ് നീഗ്രോ ശങ്കറിനെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.