നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടന്നത് സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും: ഹൈക്കോടതി

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (12:22 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ട് ഹൈക്കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. അത്യപൂർവമായ ഒരു കേസാണിതെന്നും ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഏതൊരു ക്രിമിനിൽ ഗൂഢാലോചനയ്ക്കും നേരിട്ടുള്ള തെളിവുകളുണ്ടാകാറില്ലെന്നും കോടതി പറഞ്ഞു. 
 
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരം കേസുകള്‍ പരിഗണിക്കേണ്ടതെന്നും കോടതി അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും കേസിലുൾപ്പെട്ട അഭിഭാഷകനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.
 
സ്ത്രീക്കെതിരെ ക്രൂരമായ കുറ്റകൃത്യമാണ് നടന്നത്. ആ ദൃശ്യങ്ങൾ പുറത്തുവന്നാൽ അത് ഇരയുടെ ജീവനുപോലും ഭീഷണിയാകും. ഈ സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാനാന്‍ കഴിയില്ല. കൃത്യം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സൂക്ഷ്മമായ നടപടികളാണേടുത്തത്. വ്യക്തി വിരോധത്തിൽനിന്ന് ഒരു സ്ത്രീക്കെതിരെയുണ്ടായ അതിക്രൂരമായ സംഭവമാണിതെന്നും കേസ് ഡയറി വിശദമായി പരിശോധിച്ച കോടതി വ്യക്തമാക്കി. 
Next Article