നടിയെ ആക്രമിച്ച കേസ്: ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി ഡിജിപി, കൊച്ചിയിൽ തങ്ങാൻ ദിനേന്ദ്ര കശ്യപിന് നിര്‍ദേശം

തിങ്കള്‍, 3 ജൂലൈ 2017 (10:55 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ ഉടന്‍‌തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന സൂചന. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ തെളിവുകളും കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. 
 
അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാൻ തീരുമാനിച്ചത്. നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവുകളെല്ലാം പൂര്‍ണമായി ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോയെന്ന കാര്യം  അന്വേഷണസംഘം തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക