നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. എറണാകുളം ഗസ്റ്റ്ഹൗസില്‍ വച്ചാണ് എംഎല്‍എയുടെ മൊഴിയെടുത്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരമാണെന്ന് പി.ടി.തോമസ് പറഞ്ഞു.
കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് മുമ്പ് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത എറണാകുളത്തെ ഒരു അഭിഭാഷകയുടെ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഒരു സഹയാത്രികന്‍ ആലുവ പൊലീസില്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. ആ അവസരത്തില്‍ വെറുമൊരു സാധാരണക്കാരനാണ് ഈ കേസില്‍ ഒരു തുമ്പുണ്ടാകാനുള്ള സഹായം നല്‍കിയതെന്ന് സന്ധ്യയെന്ന പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ് ആലുവ പൊലീസില്‍ അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത്. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ടെന്നും പി ടി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ ശേഷമായിരുന്നു പൊലീസ് എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുകേഷ്, അന്‍വര്‍ സാദത്ത് തുടങ്ങിയ എംഎല്‍എമാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു.