പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കുമെന്ന സ്പീക്കര്‍ എന്‍ ശക്തന്‍റെ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ്. വെള്ളിയാഴ്ച തന്നെ കോടതിയെ സമീപിക്കുമെന്നാണ് പി സി ജോര്‍ജ് അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ സ്പീക്കറെ കുറ്റപ്പെടുത്താനില്ല. പരാതിക്കാരനും നിയമസഭാ സെക്രട്ടറിയും ക്രിമിനല്‍ കേസില്‍ പ്രതിയാകും. അവരെ ഞാന്‍ വെറുതെ വിടില്ല. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും നിയമസഭാ സെക്രട്ടറിയും ചേര്‍ന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നു. ദൈവം എന്‍റെ കൂടെയാണ്. വ്യാജരേഖ ചമച്ചതിനെതിരെ ഞാന്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട് - പി സി ജോര്‍ജ്ജ് വ്യക്തമാക്കി.
ജോര്‍ജിനെതിരായ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 26ന് തെളിവെടുപ്പ് നടത്തും. അടുത്ത സിറ്റിങ്ങിന് ഇരുവിഭാഗവും ഹാജരാകണമെന്ന് സ്പീക്കര്‍ അറിയിച്ചു. തോമസ് ഉണ്ണിയാടനും പി സി ജോര്‍ജും അഭിഭാഷകരെ വച്ചാണ് സ്പീക്കര്‍ക്ക് മുന്നില്‍ വാദങ്ങള്‍ നിരത്തിയത്.