ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം മിയന്നൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി മദനിക്ക് തീരെ സുഖമില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.
ഇതിനിടെ, ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിന് വ്യാഴാഴ്ച ബാംഗ്ലൂരില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മദനിക്കും ഭാര്യ സൂഫിയ മദനിക്കും കര്‍ണാടക പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശാരീരികാസ്വാസ്ഥ്യം മൂലം യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ച് മദനിയും ഭാര്യയും കര്‍ണാടക പോലീസിന് കത്തയച്ചിട്ടുണ്ട്.
പിഡിപിയുടെ നേതാവായ മദനിയെ സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പിഡിപി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ തമിഴ്നാട് പൊലീസ് മദനിയെ അറസ്റ്റുചെയ്ത് എന്തൊക്കെയാണ് ചെയ്തതെന്ന് തങ്ങള്‍ക്കറിയാമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇനി അങ്ങനെയൊരു ദുരനുഭവം മദനിക്ക് വരാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും അവര്‍ പറയുന്നു.