ദിലീപ് ഇടപെട്ടു; മള്‍ട്ടിപ്‌ളെക്‌സ് സമരം പിന്‍‌വലിച്ചു

വ്യാഴം, 22 ജൂണ്‍ 2017 (08:51 IST)
മള്‍ട്ടിപ്‌ളെക്‌സുകള്‍ക്ക് റംസാന്‍ റിലീസ് നല്‍കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് വിതരണക്കാരും നിര്‍മ്മാതാക്കളും പിന്‍മാറി. നടന്‍ ദിലീപിന്റെ മധ്യസ്ഥതയില്‍ ഇരുവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശങ്ങള്‍ക്ക് പരിഹാരമായത്. വിതരണ വിഹിതത്തെ തുടര്‍ന്നുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാലായിരുന്നു പ്രമുഖ മള്‍ട്ടിപ്ലെക്സുകളില്‍ റംസാന്‍ റിലീസുകള്‍ അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും കഴിഞ്ഞയാഴ്ച എത്തിയത്. 
 
റിലീസിനു ശേഷമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയിലെ വിഹിതത്തെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായിരുന്നത്. പുതിയ തീരുമാനമനുസരിച്ച് ആദ്യ ആഴ്ചയില്‍ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 47.5 ശതമാനവും മൂന്നാം ആഴ്ചയില്‍ 40 ശതമാനവും വിഹിതം നല്‍കും. ദിലീപ് നേതൃത്വം നല്‍കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളാ മള്‍ട്ടിപ്ലെക്‌സുമായും നിര്‍മ്മാതാക്കളും വിതരണക്കാരുമായും കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പരിഹരിച്ചത്.
 
റാഫിയുടെ റോള്‍ മോഡല്‍സ്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും, പൃഥ്വിരാജ്- ഇന്ദ്രജിത്ത് ചിത്രം ടിയാന്‍, ആസിഫലി നായകനായ അവരുടെ രാവുകള്‍, സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ് ലൈറ്റ്, വിനീത് ശ്രീനിവാസന്‍ നായകനായ സിനിമാക്കാരന്‍ എന്നിവയാണ് നിലവില്‍ ഈദ് റിലീസായി നിശ്ചയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക