തോമസ് ചാണ്ടിയുടെ ആസ്തി 92 കോടി; 17 സി പി എം എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (17:21 IST)
നിയമസഭാംഗങ്ങളില്‍ ഏറ്റവും വലിയ ധനികന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. അദ്ദേഹത്തിന്‍റെ ആസ്തി 92 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ 2011 നിയമസഭയെ അപേക്ഷിച്ച് ധനികരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ദ്ധനയാണ് ഈ സഭയില്‍ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. 
 
കഴിഞ്ഞ സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ കോടിപതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ തവണ 35 എം എല്‍ എമാര്‍ കോടിപതികളായി ഉണ്ടായിരുന്നപ്പോള്‍ ഇത്തവണ കോടിപതികളുടെ എണ്ണം 61 ആണ്. 15 സി പി എം എം‌എല്‍‌എമാര്‍, 13 കോണ്‍ഗ്രസ് എം എല്‍ എമാര്‍, 14 ലീഗ് എം എല്‍ എമാര്‍ എന്നിവര്‍ ഇതില്‍ പെടുന്നു.
 
നിലവിലെ നിയമസഭയിലെ 87 എംഎല്‍എമാര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 27 എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളാണുള്ളത്. അതില്‍ 17 പേരും സി പി എമ്മില്‍ നിന്നാണ്.
 
സ്ത്രീകള്‍ക്കെതിരായ അതിക്രമം, അഞ്ചോ അതിലധികമോ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്നവ, ജാമ്യം ലഭിക്കാത്ത കുറ്റം, തെരഞ്ഞെടുപ്പ് ക്രമക്കേട് തുടങ്ങിയവയാണ് ഗുരുതര കുറ്റകൃത്യങ്ങള്‍. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഏഴ് സി പി എം എംഎല്‍എമാര്‍ ഈ നിയമസഭയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article