തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പി സി ജോര്‍ജിനെതിരെ കേസ്

Webdunia
വെള്ളി, 30 ജൂണ്‍ 2017 (07:55 IST)
തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എം‌എല്‍‌എക്കെതിരെ പൊലീസ് കേസെടുത്തു. തോട്ടം തൊഴിലാളികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തുമെന്ന് പിസി ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
 
മുണ്ടക്കയത്തെ ഹാരിസണ്‍ തോട്ടത്തിലെ പുറമ്പോക്ക് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളും കൈയേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടന്നതിനിടെയാണ് എംഎല്‍എ തോക്കു ചൂണ്ടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഹാരിസണ്‍ വെള്ളനാടിയിലെഎസ്റ്റേറ്റിലാണ് സംഭവം. അവിടെയെത്തിയവര്‍ തന്നെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് താന്‍ തോക്കെടുത്തത് എന്നായിരുന്നു എം എല്‍ എയുടെ വിശദീകരണം.
 
എന്റെ കയ്യില്‍ തോക്ക് ഉണ്ട്. ആ തോക്കിന് ലൈസന്‍സുമുണ്ട്. സ്വയം സംരക്ഷണത്തിന് വേണ്ടി എനിക്ക് അനുവദിച്ചു തന്നതാണത്. ഇനിയും കൊണ്ടുനടക്കും. ഇപ്പോഴും എന്റെ വണ്ടിയില്‍ ഉണ്ട്. എന്നെ ആക്രമിച്ചാല്‍ വെടിയും വയ്ക്കും. അതിനാണ് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചത്. പ്രശ്നങ്ങള്‍ക്ക് അവസാനം തൊഴിലാളി നേതാക്കള്‍ എന്നു പറഞ്ഞ് അഞ്ചു പേര്‍ രംഗത്തെത്തി. അവരുമായി കാര്യങ്ങള്‍ സംസാരിച്ചു. വിശദമായി ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് പിരിയുകയും ചെയ്തുവെന്നും പി.സി. ജോര്‍ജ് ഇന്നലെ വിശദീകരിച്ചിരുന്നു.  
Next Article