ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കാന്‍ സമിതികളെ നിയോഗിച്ചു. ജില്ലാതലങ്ങളില്‍ നിന്നും ലഭിക്കുന്ന പെയിഡ് ന്യൂസ് സംബന്ധിച്ച അപ്പീല്‍ പരിഗണിക്കുന്നതിനും റിട്ടേണിംഗ് ഓഫീസര്‍ മുഖേന സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കുന്നതിനും മറ്റും ചുമതലയുളള സംസ്ഥാനതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയില്‍ (എംസിഎംസി) അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ടറല്‍ ഓഫീസറുമായ നളിനി നെറ്റോ അധ്യക്ഷയാണ്.
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്ര ഡയറക്ടര്‍ ടി ചാമിയാര്‍, പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ വി ശുഭാമണി, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഡോ പി കെ രാജശേഖരന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയില്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എസ്.ശിശുപാലന്‍ മെമ്പര്‍ സെക്രട്ടറിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിക്കുന്ന നിരീക്ഷകനെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.
സംസ്ഥാനതല സമിതി തീരുമാനത്തിനെതിരെയുള്ള അപ്പീല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. സോഷ്യല്‍ മീഡിയ, ടി.വി.ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയില്‍ നല്‍കുന്നതിനുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നിരീക്ഷിച്ച് അംഗീകരിക്കുന്നതിന് നിയോഗിച്ച സംസ്ഥാനതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ സി.ഇ.ഒയുമായ സാബു പോള്‍ സെബാസ്റ്റ്യനാണ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ വരണാധികാരിയും ജില്ലാകളക്ടറുമായ കെഎന്‍ സതീഷ്, ദൂരദര്‍ശന്‍ കേന്ദ്ര അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജുചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.