തെരഞ്ഞെടുപ്പില്‍ മുന്നണിയെ വിഎസ് നയിക്കുമെന്ന് കാരാട്ട്

Webdunia
വെള്ളി, 25 മാര്‍ച്ച് 2011 (16:32 IST)
PRO
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഡല്‍ഹി പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി എസിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന നേതൃത്വത്തിന് വിട്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2006ലെ നാടകീയ സംഭവങ്ങള്‍ ഒഴിവാക്കാ‍നായിരുന്നു ഇത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ പറയാന്‍ പി ബി ചുമതലപ്പെടുത്തിയിരുന്നു

പോളിറ്റ് ബ്യൂറോ നിലപാടിന്‌ വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല. സംസ്ഥാന കമ്മിറ്റിയില്‍ ഒരു കാര്യവും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പിബി തന്നെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും കേരളത്തില്‍ ഇടതുമുന്നണി വന്‍വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വി എസ് ഇടതുമുന്നണിയെ നയിക്കുമെങ്കിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.