തൃശൂര്‍ പൂരത്തിലെ കുടമാറ്റം പോലെ വിമുക്ഭടന്മാര്‍ നടത്തിവരുന്ന മദ്യക്കുപ്പി കൈമാറ്റം ഇനി അനുവദിക്കില്ല, ഓണത്തിന് മുന്നോടിയായി വ്യാജ മദ്യം തടയാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും: ഋഷിരാജ് സിംഗ്

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (13:48 IST)
വ്യജ മദ്യം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഓണത്തിന് മുന്നോടിയായി സ്പിരിറ്റ് വേട്ടയും ശക്തമാവും. ക്രമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങിയവക്കെതിരേയും നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ പൂരത്തിലെ കുടമാറ്റം പോലെ വിമുക്ഭടന്മാര്‍ നടത്തിവരുന്ന മദ്യക്കുപ്പി കൈമാറ്റം ഇനി അനുവദിക്കില്ലെന്നും അവരെ താന്‍ പിടികൂടാന്‍ പോവുകയാണെന്നും ഇതുസംബന്ധിച്ച് വിവരം ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
അനധികൃത മദ്യവില്‍പ്പന നടത്തി വന്നിരുന്ന ഹോട്ടലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തിയ ഋഷിരാജ് സിംഗ് അത്തരം ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം ശുപാര്‍ശ ചെയ്തു. 
 
തലസ്ഥാനത്തേതുള്‍പ്പടെയുള്ള ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തിയ ഋഷിരാജ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയ ബിയര്‍ പാര്‍ലര്‍ പൂട്ടുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article