അമിതമായ വേഗത്തില്‍ കാറോടിച്ചതിന് തിലകന്റെ ഇളയ മകള്‍ സോണിയയെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി പത്തിന് കവടിയാര്‍ അമ്പലമുക്ക് റോഡിലായിരുന്നു സംഭവം നടന്നത്. കവടിയാര്‍ ഭാഗത്ത് നിന്നും അമിതവേഗത്തില്‍ വന്ന സോണിയായുടെ കാര്‍ അമ്പലമുക്കിന് സമീപത്ത് വച്ച് ഡിവൈഡറില്‍ ഇടിച്ച് തെറിച്ച് എതിര്‍വശത്തെ ഫുട്പാത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
കാറിന്റെ മുന്‍ഭാഗം കണ്ടാല്‍ കാറാണെന്ന് പറയില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അത്ര ആഘാതത്തോടെയാണ് കാര്‍ ഇടിച്ചത്. എന്നാല്‍ സോണിയ അത്ഭുതകരമായി രക്ഷപ്പെട്ടു. അതുപോലെ, ഇതുവഴിപോയ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തില്‍ കാറോടിച്ച് വന്ന സോണിയയെ, മദ്യപിച്ചിട്ടുണ്ടെന്ന് കരുതി, ഓടിക്കൂടിയ നാട്ടുകാര്‍ തടഞ്ഞ് വയ്ക്കുകയും ചെയ്തു.
കവടിയാറിലെ ബൈക്ക് റെയ്സിംഗ് ടീമിലെ പ്രധാനിയാണ് സോണിയയെന്ന് സിഐ ജയചന്ദ്രന്‍ പറഞ്ഞു. ബൈക്ക് റെയ്സിംഗിന്റെ ഭാഗമായിട്ടാണോ കാര്‍ പാഞ്ഞതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പൈസ ബെറ്റ് വച്ചാണ് ബൈക്ക് റെയ്‌സിംഗ് നടത്തുന്നത്. ഇതിന് മേല്‍നോട്ടം നടത്തുന്ന സംഘാംഗങ്ങളില്‍ ഒരാളാണ് സോണിയയെന്ന് പലപോഴായി ആരോപണം ഉയര്‍ന്നിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സോണിയയെ കസ്റ്റഡിയിലെടുത്തു. ഇതേസമയം എതിര്‍ദിശയില്‍ നിന്നും മറ്റൊരു കാര്‍ അമിത വേഗതയില്‍ പാഞ്ഞു വരുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. കേസെടുത്ത ശേഷം സോണിയയെ ജാമ്യത്തില്‍ വിട്ടു.
തിലകനും ഡ്രൈവിംഗ് ഹരമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തിലകന്റെ കാര്‍ ഓട്ടോയിലിടിച്ച് രണ്ട് കുട്ടികള്‍ മരിക്കുകയുണ്ടായി. നടന്‍ തിലകനും ഒരു സ്ത്രീയും സഞ്ചരിച്ച കാര്‍ ഓട്ടോയിലിടിച്ച് രവണ്ടൂര്‍ കാപ്പിച്ചാല്‍ മുണ്ടിയന്‍കാവില്‍ ഫിറോസ് ഖാന്റെ മക്കളായ ഫറസിന്‍ ഖാന്‍ (6), ഫാത്തിമ ഷിദ (2) എന്നിവരാണ് മരിച്ചത്.
ഷമ്മി, ഷിബു, ഷോബി, ഷാജി, സോണിയ, സോഫിയ എന്നിങ്ങനെ തിലകന് നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ആണ് ഉള്ളത്.