താരാധിപത്യമൊക്കെ കയ്യില്‍ വെച്ചാല്‍ മതി! സിനിമയില്‍ ഇനിയൊരു ഇല അനങ്ങണമെങ്കില്‍ അവര്‍ വിചാരിക്കണം!
വ്യാഴം, 3 ഓഗസ്റ്റ് 2017 (13:48 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുകള്‍ ഓരോന്നായി പുറത്തുവരികയാണ്. താരങ്ങളുടെ ബിസിനസ് ഇടപാടുകളും വെളിച്ചം കണ്ടിട്ടുണ്ട്. മലയാള സിനിമയെ ഇപ്പോള്‍ ആരാണ് ഭരിക്കുന്നതെന്ന ചോദ്യത്തില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എന്ന് പറയുന്നവര്‍ ഉണ്ട്.
എന്നാല്‍, സിനിമയുടെ ആദ്യത്തേയും അവസാനത്തേയും വാക്ക് ഇവരുടേതാണെങ്കിലും സിനിമക്കകത്തും പുറത്തും നടക്കുന്ന എല്ലാ കാര്യങ്ങളൊന്നും നിയന്ത്രിക്കാന്‍ ഇവര്‍ക്കും സാധിക്കുകയില്ല. സിനിമ മേഖലയിലെ പൊതു പ്രശ്നങ്ങള്‍ മാത്രമേ താരസംഘടനയായ അമ്മക്കും പരിഹരിക്കാന്‍ സാധിക്കുകയുള്ളു. അങ്ങനെയെങ്കില്‍ സിനിമയെ നിയന്ത്രിക്കാന്‍ ഒരാളുടെ സഹായം ആവശ്യമാണ്. ഈ ഒരു പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ തീരുമാനവുമായി കേരള പൊലീസ് എത്തിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതോടെ സിനിമയിലെ ഗുണ്ടായിസവും ആക്രമണവും ക്വട്ടേഷനുകളും ഒക്കെ പൊലീസിനും വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലയാള സിനിമ മേഖലയില്‍ ശുദ്ധീകലശം നടത്തേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ്. ഇതിനു പൊലീസിനു മാത്രമേ സാധിക്കുകയുള്ളു. ഇനി ആർക്കും എങ്ങനെയും അങ്ങ് സിനിമയിൽ കേറിച്ചെല്ലാം എന്ന തോന്നല്‍ ഇല്ലാതാകുകയാണ്. എല്ലാത്തിനും പോലീസിന്റെ നിയന്ത്രണം ഉണ്ടാകും.
സിനിമ ലൊക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്മാര്‍, ഡ്രൈവര്‍മാര്‍, ലൈറ്റ് ബോയി തുടങ്ങി എല്ലാ ജോലിക്കാര്‍ക്കും പോലീസിന്റെ വേരിഫിക്കേഷന്‍ വരുന്നു. പൊലീസിന്റെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയാല്‍ മാത്രമേ ഇനി ആര്‍ക്കും സിനിമക്കകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു എന്ന് സാരം. താരങ്ങൾക്ക് കൂറ് ഉള്ളവരെ സിനിമയിലേക്ക് എത്തിക്കാനും പറ്റില്ല. അഥവാ കൊണ്ടുവന്നാലും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കണം.
ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് കാണിക്കുന്ന പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റില്ലാത്ത ആർക്കും ചിത്രീകരണ ലൊക്കേഷനുകളിൽ ഇനി എത്താൻ കഴിയില്ല. സിനിമയുമായി പ്രവര്‍ത്തിക്കുന്ന എല്ലാ ജോലിക്കാര്‍ക്കും ഇത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇത്തരക്കാരെ സിനിമ മേഖലയിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി എന്നാണ് സൂചനകൾ.
സിനിമ മേഖലയിലെ വനിതകളുടെ സുരക്ഷാ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് പ്രൊഡക്ഷൻ കൺട്രോളർക്ക് നിർദേശം നൽകിയുട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് നടിമാരെ താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിക്കാനുള്ള ചുമതല പ്രൊഡക്ഷൻ മാനേജർമാർക്കാണ്. കുറ്റ കൃത്യങ്ങള്‍ നടത്തിയ ശേഷം ഒളിവിൽ കഴിയാനുള്ള സുരക്ഷിത താവളമായി സിനിമ ലൊക്കേഷനുകളെ ഉപയോഗിക്കുന്നവരുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് റിപ്പോർട്ട്. ഇതിനും ഇനിമുതല്‍ പൊലീസ് ഇടപെടല്‍ ഉണ്ടാകും. ഡ്രൈവർമാർക്കിടയിൽ ക്രിമിനൽ കേസ് പ്രതികൾ ധാരളമുണ്ടെന്നാണ് വിവരം. ഇവരിൽ പലർക്കും നടന്മാരുമായി അടുത്ത ബന്ധവും ഉണ്ടാകും. എന്നാൽ ഇനി ഈ പരിചയം വച്ച് സിനിമയിലെത്താൻ കഴിയില്ല. പൊലീസിന്റെ ക്ലീന്‍ ചിറ്റ് ഇല്ലാതെ ഒരാള്‍ക്കും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ചുരുക്കം.