അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന തോരാത്ത മഴ തിരുവനന്തപുരത്തെ വെള്ളത്തിനടിയിലാക്കി. മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിലും മറ്റ് അപകടത്തിലും പെട്ട് മൂന്നുപേര്‍ മരിച്ചു.
ഗോവിന്ദമന്ദിരത്തില്‍ ജഗല്‍ പുരുഷോത്തമന്‍ (56), കാഞ്ഞിരംകുളം പുതിയതുറ കടപ്പുറത്ത് ചെക്കിട്ടവിളാകത്തില്‍ ഫ്രെഡി (54), പുതിയതുറ ഉരിയരിക്കുന്നില്‍ മിഖായേല്‍ അടിമ (66) എന്നിവരാണ് മരിച്ചത്.
നഗരത്തില്‍ കുന്നുകുഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് ജഗല്‍ പുരുഷോത്തമന്‍ മരിച്ചത്. അതേസമയം, ഇടിമിന്നലേറ്റാണ് പുതിയതുറ സ്വദേശികളായ ഫ്രെഡി, മിഖായേല്‍ അടിമ എന്നിവര്‍ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആരംഭിച്ച മഴ ഏഴരയോടെയാണ് ശമിച്ചത്. ഉരുള്‍പൊട്ടല്‍ സാധ്യത പരിഗണിച്ച് പൊന്മുടിയിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാനത്ത് കളക്‌ടര്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
കന്യാകുമാരിക്കടുത്ത് അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത് കൊടുങ്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.