തന്നെയും മര്‍ദ്ദിക്കാറുണ്ടായിരുന്നു; ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ പങ്കില്ല - നിസാമിന്റെ ഭാര്യ അമല്‍

തിങ്കള്‍, 23 ഫെബ്രുവരി 2015 (08:35 IST)
ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യ അമല്‍. ഞായറാഴ്ച ഉച്ചയോടെ തൃശൂരില്‍ എത്തി പൊലീസിനു നല്‍കിയ മൊഴിയിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്ന സമയത്ത് നിസാമിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നില്ലെന്നും അമല്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി ഐ ബിജുകുമാറിനാണ് അമല്‍ മൊഴി നല്കിയത്. 
 
കാളത്തോട്ടിലെ ബന്ധുവീട്ടില്‍ വെച്ചാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. നിസാമിന്റെ കൈവശം ഇതുവരെ തോക്കുകള്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിനെതിരെ ഇവര്‍ നല്‍കിയിരുന്ന പരാതികള്‍ സംബന്ധിച്ചും പൊലീസ് സംഘം അന്വേഷിച്ചു. ഇതിനിടെ നിസാം തന്നെ മര്‍ദ്ദിക്കാറുണ്ട് എന്നും ഇവര്‍ സമ്മതിച്ചു. ചന്ദ്രബോസിനെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് നിസാമുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ അറിഞ്ഞത് എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞതായാണ് സൂചനകള്‍.
 
ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുമ്പോള്‍ ഭാര്യ അമലും കൂടെയുണ്ടായിരുന്നതായും ഭാര്യയോട് തോക്കെടുത്തു കൊണ്ടുവരാന്‍ നിസാം പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അക്രമം തടയാന്‍ ഇവര്‍ ശ്രമിച്ചില്ലെന്ന ആരോപണവുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴിയെടുത്തത്. 

വെബ്ദുനിയ വായിക്കുക