തച്ചങ്കരിക്ക് സ്ഥാനകയറ്റം നല്‍കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ്

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (15:34 IST)
PRO
PRO
ടോമിന്‍ ജെ തച്ചങ്കരിക്ക് സ്ഥാനകയറ്റം നല്‍കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനം. തച്ചങ്കരിക്ക് താക്കീത് മാത്രം നല്‍കി സ്ഥാനക്കയറ്റം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. തച്ചങ്കരി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ശിക്ഷയായി പ്രൊമോഷന്‍ നല്‍കുന്ന രീതി വിചിത്രമാണെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ പൊലീസ് തലപ്പത്തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പിന്നാലെ ടോമിന്‍ ജെ തച്ചങ്കരിക്ക് പ്രമോഷന്‍ നല്‍കുന്ന ഒരു ഫയലിലും താന്‍ ഒപ്പിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തച്ചങ്കരിയെ അഡീഷണല്‍ ഡിജിപിയായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ സംഭവത്തില്‍ ഐജി ടോമിന്‍ തച്ചങ്കരിയെ താക്കീത് ചെയ്താല്‍ മാത്രം മതിയെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

തച്ചങ്കരിക്ക് താക്കീത് മാത്രം മതിയെന്ന് കാട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കുകയും ചെയ്തിരുന്നു. എഡിജിപി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. ഇതിനു പിന്നാലെ തച്ചങ്കരി നിരന്തരം ചട്ടം ലംഘിക്കുന്നതായി കാണിച്ച് ഡിജിപി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. അതും തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന തീരുമാനമെടുക്കാന്‍ ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിച്ചതായാണ് സൂചന.