തങ്കച്ചന്‍ ഭൂമി കൈയേറിയിട്ടില്ല: ഉമ്മന്‍ ചാണ്ടി

Webdunia
ശനി, 27 ഫെബ്രുവരി 2010 (11:24 IST)
PRO
മൂന്നാറില്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്കച്ചനെതിരെയുള്ള ഭൂമി കൈയറ്റ ആരോപണം തള്ളിക്കളഞ്ഞ പ്രതിപക്ഷനേതാവ് തങ്കച്ചന്‍ ഭൂമി കൈയേറിയിട്ടില്ലെന്നും വ്യക്തമാക്കി. മൂന്നാറിലെ വട്ടപ്പാറയിലാണ് തങ്കച്ചന്‍ ബിനാമി പേരില്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് സി പി എം ആരോപിച്ചിരിക്കുന്നത്.

ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അവരെ നിയമപരമായി ഒഴിപ്പിക്കണം. വയനാട്ടില്‍ സി പി എം ഇപ്പോള്‍ നടത്തുന്ന കൈയേറ്റ സമരം മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് സമരം നടത്തേണ്ടത്. വയനാട്ടില്‍ സര്‍ക്കാര്‍ തങ്ങളുടെ ബാധ്യത നിര്‍വ്വഹിച്ചിട്ടില്ലെന്നത് വ്യക്തമാക്കുന്നതാണ് അവിടുത്തെ സി പി എം കൈയേറ്റം. ഇപ്പോള്‍ ഭൂമി കൈയേറുന്ന സി പി എം നിയമം കൈയേറുകയാണ് ചെയ്യുന്നത്. ഇടുക്കിയിലും വയനാട് മോഡല്‍ സമരം സജീവമാക്കുമെന്ന വാര്‍ത്തയോട് കൈയേറ്റക്കാരെ നിയമപരമായാണ് ഇറക്കിവിടേണ്ടതെന്നും അതിന് യു ഡി എഫ് എതിരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ധനവിലവര്‍ദ്ധനയിലൂടെ ലഭിക്കുന്ന 150 കോടിയുടെ അധികവരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.