തകഴി കുട്ടന്‍പിള്ളയ്ക്ക് അന്ത്യാഞ്ജലി

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2007 (16:06 IST)
പ്രശസ്ത കഥകളി സംഗീതജ്ഞന്‍ തകഴി കുട്ടന്‍പിള്ള (84) അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന്‍ നാലിന്‌ തകഴി പടഹാരം പൂക്കോട്ട്‌ വീട്ടിലായിരുന്നു അന്ത്യം.

ശവസംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് അദ്ദേഹത്തിന്‍റെ വീട്ടു വളപ്പില്‍ നടന്നു. കഥകളി സംഗീതത്തിന്‍റെ തെക്കന്‍ ചിട്ടയ്ക്ക്‌ പ്രചാരം നല്‍കിയ കലാകാരനായിരുന്നു തകഴി കുട്ടന്‍പിള്ള. ഏറെ നാളായി രോഗബാധിതനായിരുന്നു അദ്ദേഹം. മരണ വാര്‍ത്തയറിഞ്ഞ് കലാ രംഗത്തും സാമൂഹ്യരംഗത്തുമുള്ള നിരവധി പേര്‍ അദ്ദേഹത്തിന്‍റെ വസതിലെത്തിയിരുന്നു.

തകഴി കുട്ടേഴത്ത് കുടുംബത്തില്‍ വേലായുധന്‍പിള്ള-മാധവിയമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമനായിരുന്നു കുട്ടന്‍പിള്ള.
സംസ്ഥാന സര്‍ക്കാരിന്‍റെ കഴിഞ്ഞ വര്‍ഷത്തെ കഥകളി പുര്‍സ്കാരം കുട്ടന്‍‌പിള്ള. 1972 ല്‍ കലാരത്‌നം പുരസ്ക്കാരം ലഭിച്ചിരുന്നു. 1981 ല്‍ സംഗീത നാടക പുരസ്ക്കാരവും 2002 ല്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ അവാര്‍ഡും ലഭിച്ചു.

പരേതയായ വിശാലാക്ഷിയാണ് ഭാര്യ. ഉമയമ്മ, ഉണ്ണികൃഷ്‌ണന്‍, മഹേശ്വരി, സോമന്‍, രാജന്‍, ഷൈലജ, മായ, ശ്രീകുമാര്‍ എന്നിവര്‍ മക്കളാണ്.