ട്യൂഷന്‍ ടീച്ചറുടെ അടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. പള്ളുരുത്തി പൈപ്പ് ലൈന്‍ റോഡില്‍, കടമാട്ട് വീട്ടില്‍ രാജേന്ദ്രന്റെ മകള്‍ അഖിലക്കാണ് അടിയേറ്റത്.
പള്ളുരുത്തി സെന്‍റ് ഡൊമിനിക് സ്‌കൂളില്‍ പഠിക്കുന്ന കുട്ടി, വീടിനടുത്തുള്ള ഒരു വീട്ടിലാണ് ട്യൂഷന് പോയത്. കണക്ക് പഠിപ്പിക്കുന്നതിനിടയിലാണ് ടീച്ചര്‍ ഉപദ്രവിച്ചതെന്ന് കുട്ടി പറയുന്നു. താഴെ ഇരിക്കുകയായിരുന്ന കുട്ടിയെ ടീച്ചര്‍ എഴുന്നേറ്റുനിന്ന് ചൂരല്‍കൊണ്ട് അടിക്കുകയായിരുന്നു.
സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷിതാക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ കടവന്ത്രയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണില്‍ രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും മരുന്നുകള്‍ക്ക് ശേഷം രണ്ട്ദിവസം കഴിഞ്ഞ് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടിയുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയേറ്റുവെന്ന പരാതിയില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.