ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തു

Webdunia
ശനി, 17 ഏപ്രില്‍ 2010 (18:09 IST)
PRO
ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയതിനെ തുടര്‍ന്ന് വിവാദനായകനായ ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഉത്തരവില്‍ ചീഫ് സെക്രട്ടറി ഇന്ന് ഒപ്പു വെച്ചു. തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ കത്ത് പരിഗണിച്ചാണ് നടപടി. തച്ചങ്കരിയെ സ്ഥലം മാറ്റിയതില്‍ മാത്രം നടപടി ഒതുക്കണമെന്ന ഒരു വിഭാഗത്തിന്‍റെ ആഗ്രഹമാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ പാളിയത്.

ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയ ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ആവശ്യമെങ്കില്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്നു രാവിലെ പറഞ്ഞിരുന്നു. യാത്രാവിവാദവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ്‌ ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ കണ്ണൂര്‍ റേഞ്ച്‌ ഐജി സ്ഥാനത്തു നിന്നു മാറ്റിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട്‌ പഠിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തച്ചങ്കരിക്കെതിരായി ഡി ജി പിയും എ ഡി ജി പി സിബി മാത്യൂസും റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെയായിരുന്നു തച്ചങ്കരിയെ കണ്ണൂര്‍ റേഞ്ച് ഐ ജി സ്ഥാനത്തു നിന്ന് മാറ്റിയത്. റിപ്പോര്‍ട്ടുകളില്‍ ഐ ജി ടോമിന്‍ ജെ തച്ചങ്കരി ചട്ടം ലംഘിച്ചതായി വ്യക്തമാക്കിയിരുന്നു