രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനില്‍ ആണ് അപകടം നടന്നത്. അപകടത്തില്‍ 42 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
ഇടുക്കി നെടുങ്കണ്ടം ചോറ്റുപാറ ചന്ദ്രശേഖരന് (55) നെടുങ്കണ്ടം മണേമല് അനു (30) ഓച്ചറ മുത്തനാട് പറമ്പ് ജയലക്ഷ്മി (11) എന്നിവരാണ് മരിച്ചത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഇടുക്കി നെടുങ്കണ്ടത്തു നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിയുകയായിരുന്നു.
രണ്ടു ബസുകളിലായി 100 പേരുടെ സംഘമാണ് കൊല്ലൂരിലേക്കു പോയത്. കോഴിക്കോട് നിന്നും മീഞ്ചന്തയില്‍ നിന്നും എത്തിയ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ എത്തിയതിനു ശേഷം ബസ് പൊക്കിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.