ടി പി വധം: വിചാരണയ്ക്കിടെ വി എസ്; കോടതിയില്‍ ചിരി പടര്‍ന്നു!

ബുധന്‍, 27 ഫെബ്രുവരി 2013 (10:52 IST)
PRO
PRO
ടി പി വധക്കേസിലെ വിചാരണയ്ക്കിടെ കോടതിയില്‍ പൊട്ടിച്ചിരി പടര്‍ത്തിയ ദിവസമായിരുന്നു ചൊവ്വാഴ്ച. കോടതിയില്‍ വി എസിനെക്കുറിച്ചുള്ള പരാമര്‍ശമാണ് പൊട്ടിച്ചിരിക്ക് കാരണമായത്. ടി പി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രമയുടെ വീട്ടില്‍ എത്തിയ യു ഡി എഫ് നേതാക്കള്‍ ടി പി വധം രാഷ്ട്രീയ ആയുധമാക്കിയെന്ന് പ്രതിഭാഗം ആരോപിച്ചതിനെത്തുടര്‍ന്നാണ് വി എസിന്റെ പേര് വിചാരണയ്ക്കിടെ പരാമര്‍ശിച്ചത്.

യു ഡി എഫ് നേതാക്കളെ കൂടാതെ വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള എല്‍ ഡി എഫ് നേതാക്കള്‍ തന്നെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചെന്ന് രമ കോടതിയില്‍ അറിയിച്ചു. പ്രതിഭാഗത്തിന്റെ ആരോപണത്തെ മറികടക്കാന്‍ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് രമ ഇക്കാര്യം പറഞ്ഞത്.

ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ഒട്ടേറെ ആക്രമണങ്ങള്‍ നടന്നെങ്കിലും ഒരു കേസ്‌ പോലും റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ്‌ തയാറായില്ലെന്ന്‌ രമ തിങ്കളാഴ്ച മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച്‌ വിശദീകരിക്കുന്നതിനായി അക്കാലത്ത്‌ ആരാണ്‌ കേരളം ഭരിച്ചിരുന്നതെന്ന്‌ പ്രോസിക്യൂട്ടര്‍ ആരാഞ്ഞു. എല്‍ഡിഎഫാണെന്ന്‌ രമ മറുപടി നല്‍കി.

ആഭ്യന്തര മന്ത്രി ആരായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചപ്പോള്‍ സിപിഎം നേതാവായ കോടിയേരി ബാലകൃഷ്ണന്റെ പേര് രമ മറുപടി പറഞ്ഞു. പിന്നാലെ വീണ്ടും രമയെ വിസ്‌തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകനായ ബി രാമന്‍പിള്ള കോടതിയുടെ അനുമതി തേടുകയും കോടതി അനുവദിക്കുകയും ചെയ്‌തു.

കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ മുഖ്യമന്ത്രി ആരായിരുന്നെന്നായിരുന്നു എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ആദ്യ ചോദ്യം. ഓര്‍മ്മയില്ലെന്ന് പറഞ്ഞാണ് ചിരിയോടെ രമ ആ ചോദ്യത്തെ നേരിട്ടത്.

തുടര്‍ന്ന് അടുത്ത ചോദ്യം വന്നു. വിഎസ്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നെന്ന്‌ ഓര്‍മയുണ്ടോ? രമ മറുപടി പറയുനതിന് മുന്‍പ് ജഡ്ജി ഇടപെട്ടു. വിഎസ്‌ മുഖ്യമന്ത്രിയായിട്ടുണ്ടോ എന്ന്‌ സാക്ഷിയോടു ചോദിച്ചു മനസ്സിലാക്കേണ്ട ആവശ്യമില്ലെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ജഡ്ജി പറഞ്ഞു. ഇത് കോടതിയില്‍ ചിരി പടര്‍ത്തി.

വെബ്ദുനിയ വായിക്കുക