ടി പി വധം: ഒമ്പതുസാക്ഷികള്‍ കൂറുമാറി

Webdunia
ശനി, 23 മാര്‍ച്ച് 2013 (20:18 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇതുവരെ കൂറു മാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. ശനിയാഴ്ച വിസ്തരിച്ച മുഴുവന്‍ സാക്ഷികളും പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി. ഇവരെ എല്ലാവരെയും വിചാരണ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചു. ഇതോടെ ഈ കേസില്‍ മൊത്തം ഒമ്പത് സാക്ഷികള്‍ കൂറുമാറി. വരും ദിവസങ്ങളില്‍ നാല്‍പ്പത് സാക്ഷികള്‍ കൂടി കൂറുമാറാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു. സാക്ഷികളോടുളള പ്രോസിക്യൂഷന്റെ ചോദ്യങ്ങളില്‍ കൃത്യതയില്ലെന്നായിരുന്നു വിമര്‍ശം. പ്രതികളെ തിരിച്ചറിയുന്നത് അടക്കമുള്ള നടപടികളില്‍ പ്രോസിക്യൂഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ രണ്ടു ദിവസമായി താനാണ് ചെയ്യുന്നതെന്നും പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി പറഞ്ഞു.

കേസിലെ 29-ാം സാക്ഷി അഴിയൂര്‍ തയ്യില്‍പട്ടാറമ്മല്‍ അജിത,30-ാം സാക്ഷി ന്യൂമാഹി അഴീക്കല്‍ കോട്ടക്കുന്നുമ്മല്‍ പ്രേംജിത്ത്,31-ാം സാക്ഷി മലപ്പുറം തിരുനാവായ പുത്തന്‍പുരയില്‍ ജവാദ്,32-ാം സാക്ഷി അഴിയൂര്‍ കോട്ടമലക്കുന്ന് കെ.ഒ. സൂരജ് എന്നിവരാണ് ശനിയാഴ്ചകൂറൂമാറിയ സാക്ഷികള്‍. കൂറുമാറാന്‍ സാധ്യതയുണ്ടെന്ന സംശയം ഉയര്‍ന്നതിനാല്‍ 33 ാം സാക്ഷി രാധാകൃഷ്ണനെ വിചാരണ ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കി.