ഞാന്‍ വാങ്ങിയ കോഴ വി എസിന്‍റെ മകനെ ഏല്‍പ്പിച്ചു, വി എസിന് കാലുപൊള്ളിയ കുരങ്ങന്‍റെ അവസ്ഥ: ആഞ്ഞടിച്ച് വെള്ളാപ്പള്ളി

Webdunia
തിങ്കള്‍, 23 നവം‌ബര്‍ 2015 (16:56 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ കോഴവാങ്ങിയിട്ടുണ്ടെങ്കില്‍ അത് വി എസ്സിന്റെ മകനെ ഏല്‍പിച്ചിട്ടുണ്ടെന്നും വി എസ്സിന്റെ മകന്‍ അത് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. 1000 കോടി രൂപയുടെ കള്ളപ്പണം വെള്ളാപ്പള്ളിയുടെ കൈവശമുണ്ടെന്നും അത് സര്‍ക്കാരിന് കൈമാറണമെന്നുമുള്ള വി എസിന്‍റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
 
കാലുപൊള്ളിയ കുരങ്ങന്റെ അവസ്ഥയിലാണ് വി എസ്. ജഡമായി കിടന്ന വി എസ്സിനെ ഈ അവസ്ഥയിലെത്തിച്ചത് സമത്വ മുന്നേറ്റ യാത്രയാണ്. സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ഞാന്‍ ഇതേ വേഷത്തില്‍ തന്നെയുണ്ടാകും - വെള്ളാപ്പള്ളി പറഞ്ഞു. 
 
സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും ഷര്‍ട്ടും ആകുമെന്ന് വി എസ് പരിഹസിച്ചിരുന്നു. 1000 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ പക്കലുണ്ട്. സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ കള്ളപ്പണം വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും വി എസ് നിര്‍ദ്ദേശിച്ചു. 
 
കാസര്‍കോഡ് സമത്വ മുന്നേറ്റ യാത്ര തുടങ്ങുമ്പോള്‍ വെള്ള ഡ്രസും ഡബിള്‍ വേഷ്‌ടിയും ആണ് വെള്ളാപ്പള്ളിയുടെ വേഷം. എന്നാല്‍, യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ നടേശന്റെ രൂപം നിക്കറും വെള്ള ഉടുപ്പും ആയിരിക്കും. മുന്നേറ്റസംഘം ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്നും അപ്പോള്‍ അനുയായികള്‍ ശുഭം ശുഭം ശുഭം എന്ന് പറയുമെന്ന് താന്‍ ആശിക്കുന്നെന്നും വി എസ് പരിഹസിച്ചു.