വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ സെക്സ് റാക്കറ്റിനു കൈമാറി പീഡിപ്പിച്ച കേസില് കഴക്കൂട്ടം സി ഐ അരുണ്, എസ്ഐ സാഗര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം കിളിക്കൊല്ലൂര് സ്വദേശിനി അര്‍ച്ചന എന്ന മിനി മുരുകേശ് (34) ആണ് പൊലീസ് പിടിയിലായത്.
പട്ടികജാതിക്കാരിയായ കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തയ്യല്‍ തൊഴിലാളിയായ യുവതിയെ വിസയുടെ പേരില് 15000 രൂപ വാങ്ങി ബഹ്റിനില്‍ ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫിലേക്ക് അയയ്ക്കുകയായിരുന്നു.
എന്നാല്‍ യുവതി നേരെ ചെന്നെത്തിയത് സെക്സ് റാക്കറ്റിലായിരുന്നു. ഒരു മാസത്തെ യാതനകള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് യുവതി കഴക്കൂട്ടം സിഐക്ക് പരാതി നല്കിയത്. കേസിലെ മുഖ്യപ്രതികളായ ബീമാപ്പള്ളി സ്വദേശിയേയും അങ്കമാലി സ്വദേശിയേയും പിടികൂടാനായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.