ജോര്‍ജ് ആദ്യം മാവോയിസ്റ്റുകളെ ഉപദേശിക്കണമെന്ന് ചെന്നിത്തല

ബുധന്‍, 14 ജനുവരി 2015 (12:24 IST)
മാവോയിസ്റ്റുകള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെ ആണെന്ന് ചെന്നിത്തല പറഞ്ഞു.
 
മാവോയിസ്റ്റ് പ്രശ്നം ബുള്ളറ്റു കൊണ്ടു മാത്രം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. ആയുധം ഉപേക്ഷിക്കാന്‍ ആദ്യം മാവോയിസ്റ്റുകളെ ജോര്‍ജ് ഉപദേശിക്കണം. അക്രമം നിര്‍ത്തിയാല്‍ മാവോയിസ്റ്റ് വേട്ട നിര്‍ത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
 
മാവോയിസ്റ്റുകള്‍ നീതിക്കു വേണ്ടിയാണ് പോരാടുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണം എന്നുമായിരുന്നു പി സി‌ ജോര്‍ജ് പറഞ്ഞത്. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ജോര്‍ജ് മാവോയിസ്റ്റ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ആയുധങ്ങള്‍ ശേഖരിച്ച് നേരിടേണ്ടവരല്ല മാവോയിസ്റ്റുകള്‍ . നീതിക്ക് വേണ്ടിയാണ് അവരുടെ പോരാട്ടം. ആശയപരമായി വേണം മാവോയിസ്റ്റുകളെ നേരിടാനെന്നും ജോര്‍ജ് പറഞ്ഞു. അങ്ങനെയുള്ളവരെ ആശയപരമായ ചര്‍ച്ചകളിലൂടെ നേരിടണം. അല്ലാതെ പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം വാങ്ങേണ്ടതില്ല. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന്‍ കുഴലിലൂടെ അല്ലെന്നും ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക