ജുഡീഷ്യറിയില്‍ തനിക്ക് എന്നും വിശ്വാസമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആര്‍ ബാലകൃഷ്ണ പിള്ള. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കീഴടങ്ങുന്നതിനായി കോടതിയില്‍ എത്തിയപ്പോഴാണ് പിള്ള ഇങ്ങനെ പറഞ്ഞത്. റിവ്യൂ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബാലകൃഷ്ണ പിള്ള ഇങ്ങനെ പറഞ്ഞത്.
രാവിലെ പത്തരയോടെയാണ് കീഴടങ്ങുന്നതിനായി ബാലകൃഷ്ണ പിള്ള ഇടമലയാര്‍ പ്രത്യേക കോടതിയില്‍ എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അടക്കം ഒരു വലിയ ജനസഞ്ചയം അദ്ദേഹത്തെ കാത്ത് കോടതിവളപ്പില്‍ കാത്തു നില്പുണ്ടായിരുന്നു. മുദ്രാവാക്യം വിളികള്‍ പൊലീസ് കര്‍ശനമായി വിലക്കിയിരുന്നു.
കേസിലെ മൂന്നാം പ്രതിയായ പി കെ സജീവന്‍ ഒമ്പതേ മുക്കാലോടെ കൊച്ചി ഇടമലയാര്‍ പ്രത്യേക കോടതിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയാണ് പി കെ സജീവന്‍. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ രാമഭദ്രന്‍ നായര്‍ ഓര്‍മ്മ നഷ്ടപ്പെട്ട് രോഗബാധിതനായി കിടക്കുകയാണ്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്ത് നടപടിയെടുക്കുമെന്ന് കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.