ജിഷയെ കൊന്നത് കഴുത്ത് ഞെരിച്ച്; പുറത്ത് കടിയേറ്റ പാടുകള്‍; പ്രധാന അവയവങ്ങളില്‍ മാരകമായ മുറിവുകളെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 5 മെയ് 2016 (12:10 IST)
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ജിഷയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്ത് കടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാന അവയവങ്ങളില്‍ എല്ലാം മാരകമായ മുറിവുകളും ഉണ്ട്. ഇതിന് പുറമെ തോള്‍ ഭാഗത്ത് ശക്തിയായി അമര്‍ത്തിയത് കാരണം തോളെല്ല് പിന്‍ഭാഗത്തേക്ക് തെന്നിമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
നേരത്തെ ജിഷയുടെ ശരീരത്തില്‍ ചെറുതു വലുതുമായ 38ഓളം മുറിവുകള്‍ കണ്ടെത്തിയിരുന്നു. പീഡന നടന്നതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ജനനേന്ദ്രിയം ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയതായും ജിഷയെ കൊല്ലാന്‍ ഒന്നിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
 
അതേസമയം, ജിഷയുടെ അന്വേഷണം നിലവില്‍ നിര്‍മ്മാണ തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ചെരിപ്പുകള്‍ നിര്‍മ്മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള അന്യസംസ്ഥാന തൊഴിലാളിയുടെ ശരീരത്തില്‍ നഖം കൊണ്ട് ഉണ്ടായ മുറിവുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article