പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം എല്‍ എയ്ക്കെതിരെ കേസ്. ഗോവയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര എം എല്‍ എയുമായ അത്താനാസിക്ക് (ബാബുഷ് മോണ്‍സെരാറ്റെ) എതിരെയാണ് പൊലീസ് കേസെടുത്തത്.
അത്താനാസിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒന്നിലധികം തവണ അദ്ദേഹം തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇത് നിഷേധിച്ച എം എല്‍ എ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം തന്റെ സ്ഥാപനത്തില്‍ പെണ്‍കുട്ടിക്ക് ജോലി നല്‍കി. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ശേഷം കുട്ടി സ്ഥാപനത്തില്‍ നിന്നും പണം അപഹരിച്ചിരുന്നു, ഇത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പിരിച്ചുവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.