കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ പ്രതികളുടെയും മൊഴികൾ ദിലീപിനെതിരാണെന്നും അദ്ദേഹം പ്രതിയാണെന്നാണ് ഇതിനര്‍ത്ഥമെന്നും പ്രോസിക്യൂഷന് വാദിക്കുന്നുണ്ട്.
പൾസർ സുനി നാലുതവണ ദിലീപിനെ കണ്ടെന്നും ഫോൺ വിളികൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പൾസർ സുനി ദിലീപിനയച്ച കത്ത് കോടതിയിൽ കൈമാറി. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ ചോദ്യം ചെയ്യണമെന്നുമാണ് പൊലീസിന്റെ നിലപാട്.
അതേസയമ, നടിയെ അക്രമിച്ച കേസില്‍ പ്രതിയായ സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ കുറ്റക്കാരനായി വിധിക്കാന്‍ കഴിയില്ലെന്നും ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.
ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, പൊലീസ് പറയുന്ന ഗൂഢാലോചനകൾക്ക് തെളിവില്ലെന്നും പൾസർ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലെന്നും അഭിഭാഷകന് വാദിക്കുന്നു. സുനിയും ദിലീപും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാൻ സാക്ഷികളില്ല. ∙അന്വേഷണവുമായി ദിലീപ് എപ്പോള്‍ വേണമെങ്കിലും സഹകരിക്കുമെന്നും ജാമ്യം അനിവദിക്കണമെന്നും വാദമുയര്‍ന്നു.