ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; അന്വേഷണവുമായി സഹകരിക്കുമെന്ന് ശശി തരൂര്‍

Webdunia
വെള്ളി, 9 ജനുവരി 2015 (17:09 IST)
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവായി സഹകരിക്കുമെന്ന് ശശി തരൂര്‍ . ഗുരുവായൂരില്‍ മാധ്യമങ്ങളെ നേരിട്ട് കണ്ടാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇത് ആദ്യമായിട്ട് ആയിരുന്നു തരൂര്‍ മാധ്യമങ്ങളെ നേരിട്ടു കണ്ടത്.
 
ഗുരുവായൂരില്‍ ആയുര്‍വേദമനയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു തരൂര്‍ ചികിത്സ കഴിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളെ കണ്ടത്. കേസില്‍ രാഷ്‌ട്രീയം നോക്കാതെ അന്വേഷണം നടത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. 
 
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. സുനന്ദയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം വരികയാണെങ്കില്‍ അതിനോട് പൂര്‍ണമായി സഹകരിക്കേണ്ടത് തന്റെ കടമയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പൊതുചര്‍ച്ചയ്ക്ക് താല്പര്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി.
 
തന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടെന്നും തരൂര്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തില്‍ തനിക്ക് പല ആശങ്കകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി പൊലീസ് കമ്മീഷണര്‍ക്കുള്ള കത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 
വിശ്രമം ആവശ്യമായി വന്നതിനാലാണ് താന്‍ രണ്ടാഴ്ചത്തെ ചികിത്സ തേടിയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ തരൂര്‍ തയ്യാറായില്ല.