ചിട്ടിപ്പണവുമായി ഉടമ മുങ്ങി, ജീവനക്കാരിയെയും കാണാനില്ല!

Webdunia
ശനി, 10 ഓഗസ്റ്റ് 2013 (19:32 IST)
PRO
ചിട്ടിപ്പണവുമായി ചിട്ടിക്കമ്പനി ഉടമ മുങ്ങിയതായി റിപ്പോര്‍ട്ട്. ഉടമയ്ക്കൊപ്പം കമ്പനിയിലെ ജീവനക്കാരിയേയും കാണാനില്ലെന്നും സൂചനയുണ്ട്. നാദാല്‍ ഗ്രൂപ്പ് നടത്തുന്ന ധനമാത എന്ന ചിട്ടി കമ്പനിയുടെ ഉടമയാണു മുങ്ങിയിരിക്കുന്നത്.

അഞ്ചലിനടുത്ത് ചണ്ണപ്പേട്ടയില്‍ ബിനോയ് ഭവനില്‍ ബിനോയ് ആണു ചിട്ടിക്കമ്പനി ഉടമ. ഇയാള്‍ക്കൊപ്പം കമ്പനി ജീവനക്കാരിയായ കുളത്തൂപ്പുഴ സാം നഗറിലെ റീനയാണു മുങ്ങിയത്.

ചണ്ണപ്പേട്ട, അഞ്ചല്‍, ചടയമംഗലം, ചിതറ, കടയ്ക്കല്‍, കുളത്തൂപ്പുഴ എന്നീ പ്രദേശങ്ങളില്‍ ശാഖകളോടെയാണ്‌ ബിനോയ് ചിട്ടിക്കമ്പനി തുടങ്ങിയത്. ലക്ഷക്കണക്കിനു രൂപയാണ്‌ ചിട്ടി നടത്തിപ്പിലൂടെ ബിനോയ് നാട്ടുകാരെ കബളിപ്പിച്ച് മുങ്ങിയിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി ചിട്ടി കമ്പനി ശാഖകള്‍ തുറക്കാത്തതിനെ തുടര്‍ന്നാണു ഇടപാടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിനൊപ്പം ജീവനക്കാരിയായ റീനയെ കാണാനില്ലെന്ന് ഇവരുടെ വീട്ടുകാരും കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.