ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി ജി പി കെ എസ് ബാലസുബ്രഹ്‌മണ്യം. ഇത് വ്യക്തമാക്കി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തു നല്കി. ചന്ദ്രബോസ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഡി ജി പിയുടെ ആവശ്യം.
മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അനുവാദത്തോടെ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രനെ ഡി ജി പി ചുമതലപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി ഇടപെട്ടുവെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ഡി ജി പി നേരത്തെ നിഷേധിക്കുകയും ചെയ്തിരുന്നു.
തൃശൂര്‍ പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിന്റെയും മുന്‍ ഡി ജി പി എം എന്‍ കൃഷ്ണമൂര്‍ത്തിയുടെതും ആണെന്ന് അവകാശപ്പെട്ട് പി സി ജോര്‍ജ് പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്‌ദരേഖ സംശയാസ്പദമാണെന്നാണ് ഡി ജി പി ആരോപിക്കുന്നത്.