ചന്ദ്രബോസ് കേസ് ഡിജിപി അട്ടിമറിച്ചെന്ന് പിസി ജോര്‍ജ്

Webdunia
വ്യാഴം, 5 മാര്‍ച്ച് 2015 (09:14 IST)
വിവാദവ്യവസായി മുഹമ്മദ് നിസാം പ്രധാനപ്രതിയായ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡി ജി പി ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. വാര്‍ത്താസമ്മേളനത്തില്‍ ആണ് പി സി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്. ഇതിന് തന്റെ കൈയില്‍ ശബ്‌ദരേഖ തെളിവുണ്ടെന്ന് അവകാശപ്പെട്ട പി സി ജോര്‍ജ് കൈവശമുള്ള സി ഡികള്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു. തെളിവുകള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തെളിവുകള്‍ നല്കുന്നതായിരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
 
ചന്ദ്രബോസ് കേസ് അട്ടിമറിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കി. ഡി ജി പി പറഞ്ഞത് കേള്‍ക്കാത്തതിന് ആണ് കമ്മീഷണര്‍ ജേക്കബ് ജോബിനെ മാറ്റിയത്. കേസില്‍ ഡി ജി പി ഇടപെട്ടെന്ന് തനിക്ക് നൂറു ശതമാനം ബോധ്യമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. ഡി ജി പിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നിശാന്തിനിയെ തൃശൂരില്‍ നിയമിച്ചിരിക്കുന്നത്. നിസാമിനെ രക്ഷിക്കാന്‍ പറ്റില്ലെന്ന നിലപാട് അറിയിച്ചതു കൊണ്ടാണ് ജേക്കബ് ജോബിനെ സ്ഥലം മാറ്റിയത്.
 
ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ രാഷ്‌ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും നിസാമില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. ഡി ജി പി ശോഭാസിറ്റിയില്‍ പോയിരുന്നു. പ്രതിയെ രക്ഷിക്കണമെന്ന് ഡി ജി പി കമ്മീഷണറോട് ആവശ്യപ്പെട്ടു. ഇതിന് തെളിവ് തന്റെ പക്കലുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
 
ഡി ജി പി നിസാമിനെ സംരക്ഷിക്കുകയാണ്. ജേക്കബ് ജോബിനെ കേസില്‍ ബലിയാട്ക്കാക്കി. നിസാമിനെ കാണാന്‍ പലതവണ ഡി ജി പി തൃശൂരില്‍ പോയെന്ന് പറഞ്ഞ പി സി ജോര്‍ജ് കേസില്‍ ആഭ്യന്തരമന്ത്രിയുടെ ഇടപെടലില്‍ തെറ്റില്ലെന്നും പറഞ്ഞു.