ചക്കിട്ടപ്പാറ ഖനനവിവാദം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം

Webdunia
ബുധന്‍, 4 ഡിസം‌ബര്‍ 2013 (15:41 IST)
PRO
PRO
ചക്കിട്ടപ്പാറയിലെ വിവാദമായ ഇരുമ്പയിര് ഖനനത്തിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. അന്വേഷണം നടത്തുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ഫയല്‍ വ്യവസായ മന്ത്രി പരിശോധിച്ചശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമായത്. എം‌എസ്‌പി‌എല്‍ കമ്പനിയുടെ ഇടപാടുകളാണ് അന്വേഷിക്കുക.

അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടിയതായും ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചു. അന്വേഷണം വൈകുന്നതില്‍ ചെന്നിത്തല സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചക്കിട്ടപ്പാറ അടക്കമുള്ള മൂന്നു വില്ലേജുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിലെ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ അനുമതി റദ്ദാക്കിയകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഖനനവുമായി ബന്ധപ്പെട്ട് അനുമതി നല്‍‌കാന്‍ അഞ്ചു കോടി രൂപ കോഴ വാങ്ങിയതായി ആരോപണമുയര്‍ന്നത് ഏറെ വിവാദമായിരുന്നു. അനുമതി നല്‍കിയതിലെ അഴിമതിയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

എന്നാല്‍ ഭരണകക്ഷിയിലെ തന്നെ വി എം സുധീരന്‍, ചീഫ് വിപ്പ് പിസി ജോര്‍ജ്, ബിജെപി നേതാവ് തുടങ്ങിയ നേതാക്കള്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തെ വി എസ് സുനില്‍ കുമാര്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്ന് അഭിപ്രായപ്പെട്ടു. വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്നും വിഷയത്തില്‍ സിബി‌ഐ അന്വേഷണം നടത്തണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.