ചക്കിട്ടപാറ ഖനനം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായി

Webdunia
ശനി, 7 ഡിസം‌ബര്‍ 2013 (18:32 IST)
PRO
PRO
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ ചക്കിട്ടപ്പാറ സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ന് തന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തീരുമാനം വിശദീകരിച്ച് പത്രക്കുറുപ്പിറക്കിയത്.

ഇതുസംബന്ധിച്ച വ്യവസായ വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ചാണ് പ്രത്യേക വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്.

ഖനനാനുമതി വന്‍ വിവാദമാവുകയും ഉന്നത രാഷ്ട്രീയ ബന്ധം ആരോപിക്കപ്പെടുകയും ചെയ്തതോടെയാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ ഖനനാനുമതി നേരത്തെ മന്ത്രിസഭ റദ്ദാക്കിയിരുന്നു.