കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസുമായി യൂത്ത് കോണ്‍ഗ്രസ് സഹകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, യോഗത്തില്‍ ഗെയിംസുമായി ബന്ധപ്പെട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് എതിരെ രൂക്ഷവിമര്‍ശനം ഉണ്ടായി.
താനും ഭാര്യയും തട്ടാനും മാത്രം ലോകത്ത് മതിയെന്ന രീതിയിലാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിയായശേഷം പാര്‍ട്ടിക്കാരെ അദ്ദേഹത്തിന് വേണ്ടെന്നും ആരോപണം ഉയര്‍ന്നു.
മണക്കാട് രാജേഷ്, തിരുവല്ലം പ്രസാദ് എന്നിവരാണ് പ്രധാനമായും എതിര്‍പ്പുയര്‍ത്തിയത്. പ്രതിപക്ഷത്തിനാണ് ഗെയിംസ് സംഘാടനത്തില്‍ മുഖ്യപങ്കാളിത്തം. ഒരു വിഭാഗത്തെ മാത്രം സഹകരിപ്പിക്കുന്നതിനാല്‍ മറ്റുള്ളവര്‍ അകന്നു നില്‍ക്കുകയാണെന്നും കേരളത്തിന് അഭിമാനകരമാകേണ്ട മേളയ്ക്കാണ് ഈ ഗതികേടെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയ്ക്ക് എതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഗണേഷ് കുമാര്‍ യു ഡി എഫിന് തലവേദനയായിരിക്കയാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യതയില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെടുത്തി മാത്രം അദ്ദേഹത്തിന്റെ അഭിപ്രായത്തെ കണ്ടാല്‍ മതിയെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ശശി തരൂരിനെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നീക്കം കോണ്‍ഗ്രസിനെതിരെയുള്ള ബി ജെ പിയുടെ രാഷ്‌ട്രീയം നീക്കം മാത്രമാണെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍ .