2053 കോടിയുടെ സ്ഥിര നിക്ഷേപം, 124 കിലോ സ്വര്‍ണം; ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് വിവരങ്ങള്‍ അറിയണോ?

രേണുക വേണു

ബുധന്‍, 10 ജൂലൈ 2024 (09:54 IST)
ഗുരുവായൂര്‍ ദേവസ്വത്തിലെയും ശബരിമലയിലെയും സ്വര്‍ണം അടക്കമുള്ള സ്വത്തുക്കളുടെ മൂല്യനിര്‍ണയം ഇതുവരെ നടത്തിയിട്ടില്ല. ഗുരുവായൂര്‍ ദേവസ്വത്തിനു 271 ഏക്കര്‍ ഭൂമിയും 2053 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ഉണ്ടെന്നാണ് കണക്കുകള്‍. ഭക്തര്‍ വഴിപാട് ആയി നല്‍കിയ 124 കിലോ പലതരം സ്വര്‍ണം, കല്ലുകള്‍ പതിപ്പിച്ച 72 കിലോ സ്വര്‍ണം വേറെയും ഗുരുവായൂര്‍ ദേവസ്വത്തിനുണ്ട്. 6,073 കിലോ വെള്ളി, 271 ഏക്കര്‍ ഭൂമി, കേരള ബാങ്കിലെ 176 കോടിയടക്കം 2,053 കോടി രൂപയുടെ സ്ഥിര നിക്ഷേപം എന്നിങ്ങനെയാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് വിവരങ്ങള്‍. എന്നാല്‍ കൈവശമുള്ള ഭൂമിയുടെ മാര്‍ക്കറ്റ് വിലയോ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും മൂല്യമോ ഇതുവരെ കണക്കാക്കിയിട്ടില്ല. 
 
സമാനമാണ് ശബരിമലയിലെ കാര്യവും. 227.82 കിലോ സ്വര്‍ണവും 2,994 കിലോ വെള്ളിയും ശബരിമലയിലുണ്ട്. ഇതിനെയും മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല. പൗരാണിക ആസ്തികളുടെ മൂല്യനിര്‍ണയം നടത്താനുള്ള സാങ്കേതികപരിചയം ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാകുന്നത്. ശബരിമല ക്ഷേത്രത്തിലെ സ്ഥിരനിക്ഷേപം 41.74 ലക്ഷം രൂപ മാത്രമാണ്. 
 
ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള സര്‍വേ നടക്കുന്നതിനാല്‍ ശബരിമല ക്ഷേത്രത്തിന്റെ ഭൂമിയുടെ കണക്ക് ലഭ്യമല്ല. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഓഡിറ്റ് വിഭാഗമാണ് നടത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍