ഗവര്‍ണര്‍ക്ക് തന്നെ നീക്കം ചെയ്യാന്‍ അധികാ‍രമില്ലെന്ന് എ വി ജോര്‍ജ്

ചൊവ്വ, 7 ജനുവരി 2014 (12:46 IST)
PRO
PRO
ചാന്‍സലര്‍ക്ക് തന്നെ നീക്കം ചെയ്യാന്‍ അധികാരമില്ലെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ വി ജോര്‍ജ്. വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. തന്നെ പുറത്താക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെയും മറുപടിയില്‍ ജോര്‍ജ് എതിര്‍ത്തിട്ടുണ്ട്. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് 100 പേജോളം വരുന്ന വിശദമായ മറുപടിയാണ് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ വി ജോര്‍ജ് നല്‍കിയത്. മാധ്യമങ്ങള്‍ തന്നെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും വിശദീകരണക്കുറിപ്പില്‍ വിസി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ നിലപാടനുസരിച്ച് വി സിയെ പുറത്താക്കാനാവില്ലെന്ന് ജോര്‍ജ് വാദിക്കുന്നു.നിശ്ചിത യോഗ്യതയില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് സര്‍വകലാശാല നിയമത്തിലെ 7 വകുപ്പ് 10 ഉപവകുപ്പ് പ്രകാരം വിസിക്കെതിരെ നടപടിയെടുക്കണമെന്നും പിരിച്ചുവിടാന്‍ വിവേചനാധികാരം വിനിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ നോട്ടീസ്. എന്നാല്‍, ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായി തെളിഞ്ഞാലോ പെരുമാറ്റ ദൂഷ്യമുണ്ടായാലോ മാത്രമേ വിസിയെ നീക്കാന്‍ ചാന്‍സലര്‍ക്കാവുകയുള്ളൂ എന്നാണ് ജോര്‍ജിന്റെ നിലപാട്. അക്കാദമിക് കാര്യങ്ങള്‍ സംബന്ധിച്ച് വൈസ് ചാന്‍സലര്‍ അവസാനവാക്കാണെന്നും താന്‍ പ്രവര്‍ത്തിക്കേണ്ടത് മഹാത്മാഗാന്ധി സര്‍വകലാശാലാ നിയമങ്ങള്‍ അനുസരിച്ചാണെന്നും വിസി വ്യക്തമാക്കുന്നു.

വൈസ് ചാന്‍സലറുടേത് സംരക്ഷിത പദവിയാണെന്നും തനിക്കെതിരെ നടപടിയുണ്ടായാല്‍ അത് മറ്റ് വിസിമാരെയും അവരുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും ജോര്‍ജ് വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ റിട്ട് പെറ്റീഷനുമേല്‍ ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധി തനിക്ക് അനുകൂലമാണെന്ന് വി സി അവകാശപ്പെടുന്നു. ഈ വിധി ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക