ഗള്‍ഫില്‍ കഴിയുന്ന ഭര്‍ത്താവിന്‌ കാമുകിയുണ്ടെന്നറിഞ്ഞ്‌ ഭാര്യ ആത്മഹത്യ ചെയ്തു

Webdunia
തിങ്കള്‍, 17 ജൂണ്‍ 2013 (17:24 IST)
PRO
PRO
ഗള്‍ഫില്‍ കഴിയുന്ന ഭര്‍ത്താവിന്‌ കാമുകിയുണ്ടെന്നറിഞ്ഞ്‌ ഭാര്യ ആത്മഹത്യ ചെയ്തു. ആലപ്പുഴ കൊഴുവല്ലൂര്‍ സ്വദേശി കവിത (29)യാണ്‌ ആത്മഹത്യ ചെയ്തത്‌. ബാംഗ്ലൂരിലെ ജയനഗര്‍ മയ്യാ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു കവിത‍. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് ആശുപത്രിയിലെ കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു കവിത.

കവിതയുടെ ഭര്‍ത്താവ്‌ മാവേലിക്കര വെണ്‍മണി സ്വദേശി രഞ്ജിത്താണ്. രഞ്ജിത്തിന്റെയും കവിതയുടെയും പ്രണയവിവാഹമായിരുന്നു. ഇവര്‍ക്ക് ഏഴു വയസ്സുകാരനായ ഒരു ആണ്‍കുട്ടിയുണ്ട്. രഞ്ജിത്തും കാമുകിയുമാണ്‌ തന്റെ മരണത്തിന്‌ കാരണമെന്നും‌ മകന്‍ രഞ്ജിത്തിന്റെ കസ്റ്റഡിയിലാണെന്നുമുള്ള കവിതയുടെ അത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. രഞ്ജിത്തും കാമുകിയും തമ്മിലുള്ള ബന്ധത്തിന്‌ തെളിവായി ഒരു സിഡിയും കുറിപ്പിനൊപ്പം കവിത വെച്ചിട്ടുണ്ടായിരുന്നു.

കവിതയുടെ മൃതദേഹം കിംസ്‌ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മയ്യ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. കവിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ ആത്മഹത്യാ പ്രേരണക്കും പീഡനവുമുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം രഞ്ജിത്തിനെത്തിരെ കേസെടുത്തിട്ടുണ്ട്.