ഗണേഷിന്‍റെ വോട്ട് ഐഷാ പോറ്റിക്ക്, കേരള കോണ്‍ഗ്രസ് (ബി)യെ യു ഡി എഫില്‍ നിന്ന് പുറത്താക്കും

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (14:33 IST)
നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് വോട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് (ബി) തീരുമാനിച്ചു. പാര്‍ട്ടിയുടെ ഏക എം എല്‍ എ ആയ കെ ബി ഗണേഷ്കുമാര്‍ വോട്ട് ഐഷാ പോറ്റിക്ക് നല്‍കും. കേരള കോണ്‍ഗ്രസ് (ബി)യെ യു ഡി എഫില്‍ നിന്ന് പുറത്താക്കുമെന്ന് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. പുറത്താക്കിക്കൊണ്ടുള്ള തീരുമാനം അടുത്തയാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തില്‍ കൈക്കൊള്ളും.
 
എല്‍ ഡി എഫിലെയും എന്‍ എസ് എസിലെയും നേതാക്കളോട് ആര്‍ ബാലകൃഷ്ണപിള്ള തങ്ങളുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ നിലപാടിനെക്കുറിച്ച് ആലോചിച്ചിരുന്നു. അതിനുശേഷമാണ് എല്‍ ഡി എഫിന് പിന്തുണ നല്‍കാന്‍ പിള്ളയും കൂട്ടരും തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നയപ്രഖ്യാപന ചര്‍ച്ചയില്‍ യു ഡി എഫിനെതിരെ ഗണേഷ് ആഞ്ഞടിച്ചിരുന്നു. അതിന് ശേഷമാണ് എല്‍ ഡി എഫിനൊപ്പം നില്‍ക്കാനുള്ള ഉറച്ച തീരുമാനം ബാലകൃഷ്ണപിള്ള എടുത്തത്.
 
വളരെ വലിയ ഒരു രാഷ്ട്രീയ തീരുമാനമാണ് പിള്ള സ്വീകരിച്ചിരിക്കുന്നത്. 2006ല്‍ പിള്ളയെ പരാജയപ്പെടുത്തിയ ഐഷാ പോറ്റിക്ക് തന്നെ വോട്ടുനല്‍കാന്‍ ഗണേഷ് തീരുമാനിക്കുന്നു എന്നതാണ് ഏറ്റവും വലിയ കൌതുകം. ഇത് പ്രാദേശികമായി കൊട്ടാരക്കരയിലും പത്തനാപുരത്തും പിള്ള വിഭാഗത്തിന് ഗുണമാകും. കൊട്ടാരക്കരയിലും പത്തനാപുരത്തും സി പി എമ്മും സി പി ഐയും പിള്ളയോട് കടുത്ത എതിര്‍പ്പാണ് ഇപ്പോഴും പ്രകടിപ്പിക്കുന്നത്. വലിയ ചര്‍ച്ചകളോ കൂടിയാലോചനകളോ കൂടാതെ ഐഷാ പോറ്റിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനം ഇടതുകേന്ദ്രങ്ങളില്‍ പിള്ളയെക്കുറിച്ചുള്ള നിലപാടിന് മാറ്റം വരുത്തുന്നതില്‍ സഹായിക്കും.
 
വ്യവസായമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ഗണേഷിനെ യു ഡി എഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കെ എം മാണിക്കെതിരായ നീക്കങ്ങളെ തുടര്‍ന്ന് പിള്ളയെയോ മകനെയോ ഇപ്പോള്‍ യുഡി എഫ് യോഗങ്ങളിലേക്ക് ക്ഷണിക്കാറില്ല.
 
സാങ്കേതികമായി കേരള കോണ്‍ഗ്രസ് (ബി) ഇപ്പോള്‍ തന്നെ യു ഡി എഫിന് പുറത്താണെന്ന് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യാന്‍ പിള്ള വിഭാഗം തീരുമാനിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പിള്ളയും കൂട്ടരും നേരത്തേ തന്നെ യു ഡി എഫിന് പുറത്താണ്. അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂ. ഇനി യാതൊരുവിധ ചര്‍ച്ചകള്‍ക്കും സാധ്യതയില്ല. തങ്ങള്‍ തെറ്റു ചെയ്തിട്ടില്ല എന്നാണ് പിള്ളയുടെ നിലപാട്. ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ല. ഖേദപ്രകടനം നടത്തിയാല്‍ യു ഡി എഫില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണ്. അതിന് തയ്യാറാകാതെ എല്‍ ഡി എഫ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുകയാണ് പിള്ള ചെയ്തത്. പിള്ള മുന്നണി വിടുന്നത് സ്പീക്കര്‍ തെരഞ്ഞെടുപ്പിലോ വരുന്ന തെരഞ്ഞെടുപ്പുകളിലോ യു ഡി എഫിന് ഒരു ദോഷവും ചെയ്യില്ല. അടുത്തയാഴ്ച ചേരുന്ന യു ഡി എഫ് യോഗം കേരള കോണ്‍ഗ്രസ് (ബി)യെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനമെടുക്കും - തങ്കച്ചന്‍ പറഞ്ഞു.